ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മിഷണേഴ്സ് ബില്ല് പാസാക്കി ലോക്‌സഭ. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ലാണിത്. രാജ്യസഭയിൽ നേരത്തെ ബില്ല് പാസാക്കിയിരുന്നു. പ്രതിപക്ഷ എംപിമാർ സസ്‌പെൻഷനിലായിരിക്കുമ്പോഴാണ് ബില്ല് പാസാക്കിയിരിക്കുന്നത്.
ലോക്‌സഭയിൽ ബില്ല് പാസാക്കിയത് ശബ്ദവോട്ടോടെയാണ്. രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവക്കുന്നതോടെ ബില്ല് നിയമമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹം നിർദ്ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതിയായിരിക്കും ബില്ല് നിയമമാകുന്നതോടെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുക.
ബില്ലിനെതിരെ വിമർശനവുമായി നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബില്ല് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. സെർച്ച് കമ്മിറ്റി നിർദ്ദേശിക്കുന്നവരിൽ നിന്ന് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേർന്ന സമിതി കമ്മിഷണർമാരെ നിയമിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു. ഇത് മറികടക്കുന്ന ബില്ലാണ് ഇപ്പോൾ പാർലമെന്റ് പാസാക്കിയത്.

