ഗവർണർക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ഇന്നും കരിങ്കൊടി വീശി എസ്എഫ്‌ഐ പ്രവർത്തകർ. തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് സമീപത്തുവച്ചാണ് ഗവർണറെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, കരിങ്കൊടി പ്രതിഷേധത്തിനുശേഷം മാധ്യമങ്ങളെ കണ്ട ഗവർണർ മുഖ്യമന്ത്രിയ്്ക്ക് നേരെ രൂക്ഷവിമർശനം ഉന്നയിച്ചു. തന്റെ കാർ ആക്രമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണ്ടകളെ അയയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തിന് ആഹ്വാനം ചെയ്തയാളുമായി താൻ ഒരുതരത്തിലുമുള്ള സംവാദത്തിനും ഇല്ല. തനിക്കെതിരായ ആക്രമണങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരും എസ്എഫ്ഐക്കാരും മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാമ്. താൻ പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്നത് മുഖ്യമന്ത്രിയുടെ വാദമാണ്. ഗവർണർ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയാൻ താനില്ല. രാഷ്ട്രപതിയ്ക്ക് കത്തയയ്ക്കാൻ മുഖ്യമന്ത്രിയ്ക്ക് അധികാരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.