മുംബൈ: ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തുന്ന ഉപഭോക്താക്കളിൽ നിന്ന് പിഴപ്പലിശ ഈടാക്കുന്നത് വിലക്കിക്കൊണ്ട് റിസർവ് ബാങ്ക് നൽകിയ മാർഗനിർദേശം നടപ്പാക്കാൻ ബാങ്കുകൾ സമയം നീട്ടിച്ചോദിച്ചു. നിരവധി ബാങ്കുകൾ ഈ ആവശ്യം ഉന്നയിച്ച് റിസർവ്വ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്.
2024 ജനുവരി ഒന്നാം തീയ്യതി മുതലാണ് ആർബിഐ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരേണ്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യത്തെ എല്ലാ ബാങ്കുകൾക്കുമായി ആർബിഐ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. വായ്പകളുടെ തിരിച്ചടവ് മുടക്കിയവരിൽ നിന്ന് ബാങ്കുകൾ പിശപ്പലിശ ഈടാക്കുന്നതിന് പകരം ഒറ്റത്തവണയായി ഒരു പിഴത്തുക മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നാണ് ആർബിഐയുടെ നിർദ്ദേശം. എന്നാൽ, പിഴപ്പലിശയിലൂടെ മാത്രമേ തിരിച്ചടവിന്റെ കാര്യത്തിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരാൻ സാധിക്കൂ എന്നാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്.
ബാങ്കുകളുടെ കംപ്യൂട്ടർ സംവിധാനങ്ങളിൽ പുതിയ മാറ്റം പ്രാവർത്തികമാക്കാൻ കൂടുതൽ സമയം വേണമെന്നും ബാങ്കുകൾ ആർബിഐയോട് ആവശ്യപ്പെടുന്നുണ്ട്.

