ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയാണ് മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ വച്ചായിരുന്നു മമത ഖാർഗെയുടെ പേര് നിർദ്ദേശിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ഡൽഹിയിലാണ് ഇന്ത്യ മുന്നണി സഖ്യം യോഗം ചേർന്നത്. യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ കക്ഷികളിൽ 12 പേർ നിർദ്ദേശത്തെ പിന്തുണച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഖാർഗെ ഈ നിർദ്ദേശം നിരസിച്ചു. അധഃസ്ഥിതർക്ക് വേണ്ടി പ്രവർത്തിക്കാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു.
സീറ്റ് വിഭജന ചർച്ചകൾ ജനുവരി ഒന്നിനകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കളെല്ലാം ആവശ്യപ്പെട്ടു. എന്നാൽ മമതയുടെ നിർദ്ദേശത്തെ ഖാർഗെ നിരസിച്ചിരിക്കുകയാണ്. താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാനില്ലെന്നാണ് ഖാർഗെ സഖ്യത്തെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യ മുന്നണിയുടെ നാലാമത്തെ യോഗമാണിത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം, സംയുക്ത പ്രചാരണത്തിന്റെ രൂപരേഖ, തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി യോഗം ചേർന്നത്.

