ക്രിമിനൽ നിയമം; പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ നിർണായക ബില്ലുകൾ പരിഗണനക്കെടുത്ത് ലോക്‌സഭ

ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങൾ പരിഷ്‌ക്കരിക്കാനുള്ള നിർണായക ബില്ലുകൾ പരിഗണനക്കെടുത്ത് ലോക്‌സഭ. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബില്ലുകൾ പരിഗണനയ്‌ക്കെടുത്തത്. ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവുനിയമം എന്നിവ പരിഷ്‌കരിക്കാനുള്ള ബില്ലാണിത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ ബില്ലുകളാണ് (യഥാക്രമം 1898ലെ ക്രിമിനൽ നടപടി നിയമം- സിആർപിസി, 1860ലെ ഇന്ത്യൻ ശിക്ഷാ നിയമം- ഐപിസി, 1872ലെ ഇന്ത്യൻ തെളിവുനിയമം) പരിഗണനക്കെടുത്തത്.

മൂന്നു ബില്ലുകളും കഴിഞ്ഞ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീടിത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കേന്ദ്ര ആഭ്യന്തര അമിത് ഷായാണ് ബില്ലുകൾ അവതരിപ്പിച്ചത്.

അതേസമയം, ആകെ 141 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്‌പെൻഡ് ചെയ്തത്. പാർലമെന്റിലെ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തത്. ചൊവ്വാഴ്ച 49 പ്രതിപക്ഷ എംപിമാരെയും കഴിഞ്ഞ ദിവസം 78 എംപിമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു.