അക്ഷമരായി ഏവരും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘നേരി’ലെ മനോഹര ഗാനം റിലീസ് ചെയ്തു. റൂഹേ.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാവരെയും കാണിക്കുന്നുമുണ്ട്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു ശ്യാം ആണ്. കാർത്തിക് ആണ് വിനായക് ശശികുമാറിന്റെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത്. കോറസ് പാടിയിരിക്കുന്നത് വിഷ്ണു ശ്യാം, ക്യാത്തി ജീത്തു എന്നിവരാണ്. ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു.
ഡിസംബർ 21ന് ചിത്രം തിയറ്ററിലെത്തും. നേര് നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസ് ആണ്. ഇവരുടെ മുപ്പത്തി മൂന്നാമത് നിര്‍മാണ സംരംഭം കൂടിയാണിത്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, നന്ദു, ഗണേഷ് കുമാർ, ശ്രീധന്യ, രശ്മി അനിൽ, ദിനേഷ് പ്രഭാകർ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങി നിരവധി പേര്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നു. മോഹന്‍ലാല്‍ 13 വർഷങ്ങൾക്ക് ശേഷം വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

