ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ട്; സ്പീക്കർ

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സമരത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് രംഗത്തെത്തി സ്പീക്കർ എ എൻ ഷംസീർ. ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കർ വ്യക്തമാക്കി.

ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. ഗവർണർ അതിനെ ആ രീതിയിൽ കാണണം. ക്രിമിനൽ സംഘമല്ല. എസ് എഫ് ഐ പ്രവർത്തകരെ പേരകുട്ടികളെ പോലെ കണ്ടാൽ മതി. ഗവർണർക്ക് എസ് എഫ് ഐയുടെ ചരിത്രം അറിയാത്തതിനാലാണ് ക്രിമിനൽ സംഘമെന്ന് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ രാജ്ഭവൻ രംഗത്തെത്തി. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കറുത്ത ബാനർ കെട്ടിയത് പൊലീസാണെന്നും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇതെന്നും രാജ്ഭവൻ വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് രാജ്ഭവൻ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ബാനർ കെട്ടില്ലെന്നും ഭരണഘടനാ സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുന്നുവെന്നും ഗവർണർ പറഞ്ഞുവെന്നും രാജ്ഭവൻ അറിയിച്ചു.