ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ; തയ്യാറെടുപ്പുകൾ ആരംഭിച്ചു

sabarimala

പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. ഇതിനായുള്ള തയ്യാറെടുപ്പുകൾ ദേവസ്വം ബോർഡ് ആരംഭിച്ചു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്.

വൈഫൈ സേവനം നൽകുന്നത് ബിഎസ്എൻഎല്ലുമായി സഹകരിച്ചായിരിക്കും. പരമാവധി അരമണിക്കൂർ സമയമാണ് ഒരാൾക്ക് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് പുതിയ നടപടി ഏറെ ആശ്വാസകരമാകും. നടപ്പന്തൽ, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം, ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം – അരവണ കൗണ്ടറുകൾ, മരാമത്ത് കോംപ്ലക്‌സ്, ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 15 വൈ ഫൈ ഹോട് സ്‌പോട്ടുകളാകും പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉണ്ടാവുക

പമ്പ എക്‌സ്‌ചേഞ്ച് മുതൽ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബിഎസ്എൻഎല്ലിന് പൂർത്തിയാക്കാനാകും. ഉയർന്ന ഗുണനിലവാരമുള്ള എ.ഡി.എസ്.എൽ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക.