പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്. ഒരു നിലവാരമില്ലാത്ത ഗവർണർ പേക്കൂത്ത് കാണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ബിജെപി അധ്യക്ഷന്റെ കാര്യസ്ഥനാണ് ഗവർണറെന്നും അദ്ദേഹം വ്യക്തമാക്കി.
73 വയസ്സുള്ള ഗവർണർ പേരക്കുട്ടികളോട് ഏറ്റുമുട്ടുന്നത് പോലെ എസ്എഫ്‌ഐക്കാരോട് തെരുവിൽ ഏറ്റുമുട്ടുകയാണ്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. ഗവർണർക്ക് ചാൻസലർ ചുമതല നൽകിയത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അല്ല. ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. സാമാന്യ ബോധമുള്ള ഒരു മനുഷ്യനും ഗവർണർ ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വണ്ടിക്ക് മുന്നിൽ ചാടുന്ന ആളെ എന്തിനാണ് പിടിച്ചുമാറ്റുന്നതാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി ചാകണമെന്നാണ് സുധാകരൻ ആഗ്രഹിക്കുന്നത്. കേരള വിരുദ്ധ മുന്നണി ആരിഫ് മുഹമ്മദ് ഖാന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുകയാണെന്നും എം ബി രാജേഷ് വിശദീകരിച്ചു.

