ക്രിക്കറ്റിൽ പുതിയ പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്.അടുത്ത കൊല്ലം പുതിയ ടി10 ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കാനാണ് ആലോചന. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിജയത്തിന് പിന്നാലെയാണ് ആലോചന വന്നത്. ലീഗ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തന്നെ ആരംഭിക്കാനുള്ള പണിപ്പുരയിലാണ് ബിസിസിഐ എന്നും ‘മണി കൺട്രോൾ’ റിപ്പോർട്ട് ചെയ്യുന്നു. ഒട്ടേറെ കടമ്പകൾ ഐപിഎൽ മാതൃകയിലെ പുതിയ പരീക്ഷണത്തിന് ഉണ്ട്. ഏറ്റവും പ്രധാനം ഐപിഎൽ ടീമുകളുടെ സമ്മതമാണ്.
ഐപിഎല്‍ ടീമുകളും ബിസിസിഐയും തമ്മിലുള്ള കരാര്‍ അനുസരിച്ച് ഐപിഎൽ പോലെയുള്ള ലീഗുകൾ ആരംഭിക്കുന്നതിന് മുഴുവൻ ടീമുകളുടെയും അനുമതി ആവശ്യമാണ്. എന്നാൽ ഫ്രാഞ്ചൈസികളിൽ നിന്ന് പുത്തൻ പരീക്ഷണത്തിന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ബിസിസിഐ ലോകമെമ്പാടുമുള്ള ടി10 ക്രിക്കറ്റിന്റെ ജനപ്രീതി കണക്കിലെടുത്ത് ലീഗ് ആരംഭിക്കാൻ ആലോചിക്കുന്നത്. നിലവില്‍ അബുദാബി ടി10 ലീഗടക്കം വിവിധ ടി10 ലീഗുകളില്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്. ഇപ്പോൾ ഉയരുന്ന ചോദ്യം രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ വമ്പൻ താരങ്ങൾ ലീഗിന്റെ ഭാഗമാകുമോ എന്നതാണ്.

