പിണറായി ഗുണ്ടാത്തലവൻ്റെ നിലയിലേക്ക് അധ:പതിച്ചു; വി ഡി സതീശൻ

തിരുവനന്തപുരം: പൊതുപണം ധൂർത്തടിച്ച് നടത്തുന്ന നവകേരള സദസിന്റെ പേരിൽ ആലപ്പുഴയിൽ കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയാണ് സിപിഐഎം ക്രിമിനലുകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി ജനറൽ സെക്രട്ടറി എംജെ ജോബിന്റെ വീട് തല്ലിത്തകർക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ല. ഇത് അധമ രാഷ്ട്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിമിനലുകളെ നിയന്ത്രിക്കാൻ പിണറായി വിജയനും സിപിഐഎമ്മും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം ക്രിമിനലുകളുടെ ആക്രമണത്തെ രക്ഷാപ്രവർത്തനം എന്ന് ന്യായീകരിച്ച് കലാപത്തിന് ആഹ്വാനം നൽകിയ മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കി മാറ്റുകയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന പദവി മറന്ന് ക്രിമിനൽ സംഘവുമായി സഞ്ചരിക്കുന്ന പിണറായി ഗുണ്ടാത്തലവന്റെ നിലയിലേക്ക് അധ:പതിച്ചിരിക്കുകയാണ്. രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുള്ള രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തങ്ങൾക്കും തിരിച്ചടിക്കേണ്ടി വരും. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ പിണറായി വിജയന് മാത്രമല്ല, കൊടും ക്രിമിനലുകളായ അണികൾക്കും സമനില തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കയറൂരിവിട്ട ക്രിമിനലുകളായ അണികളെ നിലയ്ക്ക് നിർത്താൻ സിപിഎം തയ്യാറായില്ലെങ്കിൽ ശക്തമായി തന്നെ കോൺഗ്രസിനും തിരിച്ചടിക്കേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. സിപിഎം ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് പൊലീസ് കുടപിടിക്കുകയാണ്. നവ കേരള സദസ് ജനം തള്ളിക്കളഞ്ഞതിനെ തുടർന്ന് അതിന്റെ കലിപ്പ് തീർക്കാൻ മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും സിപിഐഎം ക്രിമിനലുകളും വഴിയിൽ കാണുന്നവരെയെല്ലാം തല്ലിച്ചതയ്ക്കുകയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.