ന്യൂഡൽഹി: രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന സ്‌കൂൾ ബോർഡുകളുടെ വാർഷിക പരീക്ഷകൾക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാനുള്ള നടപടികൾ 2026 ൽ പ്രാബല്യത്തിൽ വരും. ഇതിനായുള്ള നീക്കങ്ങൾ പുരോഗമിക്കുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം രൂപീകരിച്ച നിലവാര നിർണയ ഏജൻസിയായ ‘പരഖിന്റെ’ (പെർഫോമൻസ് അസസ്‌മെന്റ്, റിവ്യൂ ആൻഡ് അനാലിസിസ് ഓഫ് നോളജ് ഫോർ ഹോളിസ്റ്റിക് ഡവലപ്‌മെന്റ്) നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നത്.
ദേശീയ വിദ്യാഭ്യാസനയം അനുസരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്.രാജ്യാന്തര ഏജൻസിയായ എജ്യുക്കേഷനൽ ടെസ്റ്റിങ് സർവീസിനാണ് (ഇടിഎസ്) നടത്തിപ്പ് ചുമതല. ടോഫൽ, ജിആർഇ പരീക്ഷകൾ നടത്തുന്ന ഏജൻസിയാണിത്. പരഖിന്റെ നേതൃത്വത്തിൽ പരീക്ഷാ ഏകീകരണവുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് കഴിഞ്ഞ മാസം എൻസിഇആർടിക്കു കൈമാറിയിരുന്നു.

