ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി തുക വകയിരുത്തി കേന്ദ്ര സർക്കാർ. 100 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ വകയിരുത്തിയത്.
ഇന്ത്യൻ തത്ത്വചിന്തയിൽ ആഴത്തിൽ വേരൂന്നിയ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനും, പാഠ്യപദ്ധതിയിൽ വേദങ്ങളുടെയും, ഇന്ത്യൻ ഭാഷകളുടെയും പഠനത്തിനുമായാണ് തുക വകയിരുത്തിയിരിക്കുന്നത്. സംസ്‌കൃതത്തിൽ എഴുതപ്പെട്ട വേദങ്ങൾ, പുരാണങ്ങൾ, പുരാതന വൈദ്യചികിത്സ, നിയമം, രാഷ്ട്രീയം, സാമൂഹിക ശാസ്ത്രം, ചരിത്രം, മെട്രോളജി എന്നിവയിൽ കുട്ടികൾക്ക് അറിവ് നൽകാനാണ് തീരുമാനമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.
പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് വേദ വിജ്ഞാനം, മൂല്യങ്ങൾ, സന്ദേശങ്ങൾ എന്നിവയുടെ സ്വാംശീകരണം പ്രോത്സാഹിപ്പിക്കാനാണ്. വേദ വിദ്യാഭ്യാസം സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കുകയും ആഗോളതലത്തിൽ രാജ്യത്തെ നയിക്കുന്ന മൂല്യാധിഷ്ഠിത യുവാക്കളുടെ ഒരു വിഭാഗത്തെ കൊണ്ടുവരുകയും ചെയ്യുമെന്നുമാണ് വിദഗ്ധർ പറയുന്നത്.

