നവകേരള സദസ്സ് ക്ഷേത്രമൈതാനത്ത് നടത്താൻ പറ്റില്ല; സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

കൊല്ലം: നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് സംഘടിപ്പിക്കാൻ ദേവസ്വം ബോർഡ് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയത്. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചു.

മൈതാനം ക്ഷേത്രം വകയാണെന്നും അവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയാണ് നടത്തേണ്ടതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. നവകേരള സദസ്സ് നടക്കുന്നത് ക്ഷേത്രത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കുമെന്നും ദീപാരാധന ഉൾപ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന സമയത്താണ് നവകേരള സദസ്സ് നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

മൈതാനം പുറമ്പോക്ക് എന്ന നിലയിലാണ് ഉള്ളതെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ, സർക്കാർ വാദങ്ങളെ ഹൈക്കോടതി തള്ളി.