തിരുവനന്തപുരം: പാവപ്പെട്ട ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്ത് അധികാര കസേരയിൽ ബിജെപിയെ ഇരുത്തിയ വ്യക്തിയാണ് സുനിൽ കനഗോലുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ കൈകളിൽ നിന്നും ആ ചോരക്കറ മാഞ്ഞിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
ആ സുനിൽ കനഗോലുവിനെയാണ് കെപിസിസിയുടെ നിർവ്വാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി ഇരുത്തിയിട്ടുള്ളത്. ആത്മാഭിമാനമുള്ള, മതനിരപേക്ഷ മനസ്സുള്ള കോൺഗ്രസിന്റെ പ്രവർത്തകർ എങ്ങനെ ഈ വിഷയത്തെ കാണുന്നുവെന്ന് അദ്ദേഹം ചോദിച്ചു. എന്താണ് മുസ്ലിം ലീഗിന് ഈ വിഷയത്തെ കുറിച്ചുള്ള അഭിപ്രായമെന്നും അദ്ദേഹം ചോദിക്കുന്നു.
2017 ൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കി ബിജെപിയെ അധികാരത്തിൽ എത്തിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് സുനിൽ കനഗോലു. യോഗി ആദിത്യനാഥിന്റെ ചെവിയിൽ മന്ത്രിച്ചു കൊടുത്തു അധികാരത്തിൽ വരണമെങ്കിൽ വർഗീയ കലാപങ്ങൾ ഉണ്ടാകണം, വർഗീയ ധ്രുവീകരണങ്ങൾ ഉണ്ടാകണം. മുസഫർ നഗർ കലാപം പോലെയുള്ള ഉത്തർ പ്രദേശിലെ കലാപങ്ങൾ നമ്മുടെ മുൻപിലുണ്ട്. പാവപ്പെട്ട മുസൽമാനെയും ക്രൈസ്തവനെയും ഇരയാക്കി മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയ വ്യക്തിയാണ് സുനിൽ കനഗോലുവെന്നും റിയാസ് ചൂണ്ടിക്കാട്ടി.
തലയിൽ വെള്ളത്തൊപ്പി ധരിച്ചതിന് കൊലചെയ്യപ്പെട്ട ഒന്നും അറിയാത്ത മുസൽമാൻമാർ, ക്രിസ്തുമസ് ആഘോഷിച്ചതിന് അക്രമത്തിന് ഇരയായ ക്രൈസ്തവ സഹോദരന്മാർ. അവരെ ആക്രമിക്കാൻ വേണ്ടി എല്ലാ ഉപദേശവും നൽകി, അതിനു നേതൃത്വം കൊടുക്കാൻ ബിജെപിയെ സജ്ജമാക്കിയ സുനിൽ കനഗോലു ആണ് ഇന്ന് കേരളത്തിലെ കോൺഗ്രസിന്റെ ഉപദേഷ്ടാവ്. ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി എല്ലാ ശ്രമവും പയറ്റുമ്പോൾ അത് ഏറ്റുപിടിക്കാൻ മൂന്ന് പ്രധാന ഓഫീസുകളാണ് നമ്മുടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഒന്ന്, ബിജെപിയുടെ സംസ്ഥാന കാര്യാലയം. രണ്ട്, കേരളത്തിലെ ഗവർണറുടെ ഓഫീസ് ആണ്. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയുടെയും ആർഎസ്സിന്റെയും രാഷ്ട്രീയം പയറ്റാൻ വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ ഓഫീസ്, അത് കെപിസിസി ഓഫീസ് ആണ്. ഈ മൂന്ന് ഓഫീസുകൾ ആണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

