കണ്ണൂർ: പാർലമെന്റിലെ സുരക്ഷാ വീഴ്ച്ചയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാർലമെന്റിൽ നടന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും സുരക്ഷാ വീഴ്ച എത്രവരെ പോകാം എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിനു തന്നെയാണ് സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം. അവരെ ആരും കേട്ടില്ലെന്നാണ് പറയുന്നതെങ്കിലും അതിനു സ്വീകരിച്ച മാർഗം ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ശബരിമല വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതു കനത്ത വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയധികം ഭക്തർ ഒരുമിച്ചു കൂടുന്ന സ്ഥലത്ത് ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത്. ശബരിമല തീർഥാടന കാലം അതീവ ഗൗരവത്തോടെയാണു യുഡിഎഫ് സർക്കാരുകൾ കൈകാര്യം ചെയ്തത്. തങ്ങൾ ചെയ്തു കാണിച്ചിട്ടുണ്ടല്ലോ. അതുപോലെ ചെയ്താൽ പോരേയെന്നും അദ്ദേഹം അറിയിച്ചു.
ഈ പ്രാഥമിക ചുമതല നിർവഹിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ ഒരു ഒഴികഴിവും പറയാൻ കഴിയില്ല. ഭക്തർക്കു ശബരിമലയിൽ സൗകര്യം ഒരുക്കാത്തതാണു പ്രശ്‌നം. ആ പ്രശ്‌നമാണ് യുഡിഎഫ് എംപിമാർ ഉന്നയിച്ചത്. വലിയ കഷ്ടമാണ് ശബരിമലയിലെ കാര്യങ്ങളെന്നാണ് അവിടെയെത്തിയ യുഡിഎഫ് നേതാക്കൾ പറയുന്നത്. കുട്ടികളടക്കം അട്ടിയട്ടിയായി കിടക്കേണ്ട അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

