തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്‌ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ കേസിൽ നിലപാട് മയപ്പെടുത്തി പ്രോസിക്യൂഷൻ. ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാമ്യം കൊടുക്കരുതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത്. എന്നാൽ, ഇന്നലെ പ്രതികൾക്ക് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ഗവർണറുടെ കാറിനുണ്ടായ നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. കാശ് കെട്ടിവച്ചാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
സർവകലാശാല സെനറ്റിലേക്ക് ഗവർണർ താൽപര്യമുള്ള അംഗങ്ങളെ നോമിനേറ്റ് ചെയ്തതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. നിയമനം നടന്ന് ദിവസങ്ങൾക്കുശേഷമാണ് പ്രതിഷേധം ഉണ്ടായത്. നിയമനം നേരത്തെ കഴിഞ്ഞ കാര്യമായതിനാൽ പ്രതിഷേധം മാത്രമായേ കാണാനാകൂ, മറ്റ് രീതിയിൽ വ്യാഖ്യാനിക്കാനാകില്ലെന്ന് അസിസ്റ്റന്റ് പ്രോസിക്യൂട്ടർ അറിയിച്ചു.

