ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് അധിക ഇന്ധന ക്വാട്ട നിർത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വാക്കാലാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. പോലീസ് ഡ്രൈവർമാരുടെ വാട്‌സാപ്പ് കൂട്ടായ്മ വഴി ഇതുസംബന്ധിച്ച വിവരം പ്രചരിപ്പിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മാസം 250 ലിറ്റർ ഡീസൽ മാത്രം ഒരു വാഹനത്തിന് അനുവദിച്ചാൽ മതിയെന്നാണ് നിർദ്ദേശം. സംസ്ഥാനത്തെ 1,521 പെട്രോൾ പമ്പുകൾക്ക് 145 കോടിയോളം രൂപ സർക്കാർ പോലീസ് വാഹനങ്ങൾക്ക് എണ്ണയടിച്ച ഇനത്തിൽ, നൽകാനുണ്ട്. 250 ലിറ്റർ ഡീസലാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് പ്രതിമാസ ക്വാട്ട.
എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾ, പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടി, പ്രത്യേക പരിശോധനകൾ എന്നിവയാകുമ്പോൾ ഈ ഡീസൽ തികയാതെ വരും. ആവശ്യത്തിന് എണ്ണയടിച്ച് വാഹനം ഓടിച്ചശേഷം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ജില്ലാ പോലീസ് മേധാവിമാർക്ക് അപേക്ഷ നൽകി അധിക ക്വാട്ട വാങ്ങുകയായിരുന്നു സാധാരണ ചെയ്യാറുള്ളത്. ഡിവൈ.എസ്.പി.മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് പരിധിയില്ല.
കുടിശ്ശിക 145 കോടിയായതിനാൽ, പെട്രോൾ പമ്പുകളിൽ നിന്നും ജനുവരി ഒന്നുമുതൽ പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടെന്ന തീരുമാനത്തിലാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ.

