ശബരിമല തീർഥാടനം; അസൗകര്യങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് മുന്നൂറ് പരാതികൾ ലഭിച്ചുവെന്ന് ഹൈക്കോടതി

കൊച്ചി: മുന്നൂറ് പരാതികൾ ശബരിമല തീർഥാടനത്തിലെ അസൗകര്യങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ലഭിച്ചെന്ന് ദേവസ്വം ബെഞ്ച്. ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് കോടതി നിർദേശപ്രകാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. അതേസമയം, ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിർദേശപ്രകാരം ആവശ്യത്തിന് ബസ്സുകളും മൊബൈൽ പട്രോളിങ് സർവീസുകളും ഏർപ്പെടുത്തിയെന്നും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. തീർഥാടകരിൽ നിന്ന് ഭക്ഷണത്തിനും വാഹന പാർക്കിങ്ങിനുമായി അമിത ഫീസ് ഈടാക്കുന്നതായി പരാതിയുണ്ടെന്നും ഇതിൽ എരുമേലി പഞ്ചായത്ത് വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.