ന്യൂഡൽഹി: ആർത്തവം ഒരു വൈകല്യമല്ലെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ ആവശ്യമുള്ള ഒരു വൈകല്യമായി കണക്കാക്കരുതെന്നും മന്ത്രി പറഞ്ഞു. ആർത്തവ അവധിക്ക് നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവെയായിരുന്നു മന്ത്രിയുടെ പരാമർശം.
രാജ്യസഭയിൽ ബുധനാഴ്ച എംപി മനോജ് കുമാർ ഝായാണ് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. വനിതാ ജീവനക്കാർക്ക് നിശ്ചിത എണ്ണം അവധി നൽകാൻ നിർബന്ധിത വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിന് സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

