മാസപ്പടി: കോടതിയെ സമീപിക്കുമെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിയ്ക്കും വീണയ്ക്കും സിഎംആർഎൽ കമ്പനി പണം നൽകിയത് തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് സഹായം കിട്ടാനാണെന്ന് അദ്ദേഹം പറഞ്ഞു. വീണാവിജയന് സിഎംആർഎൽ കമ്പനി മാസപ്പടി എന്തിനുനൽകി എന്നതിനുള്ള ഉത്തരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഷങ്ങളോളം സിഎംആർഎല്ലിന് കരിമണൽ ഖനനം ചെയ്യാനായി എല്ലാ നിയമങ്ങളും മാറ്റിയെന്നും മൂന്നുവർഷമായി തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഏകദേശം 90 കോടിയോളം രൂപയാണ് വിവിധ രാഷ്ട്രീയക്കാർക്കുൾപ്പെടെ കമ്പനി സംഭാവന നൽകിയത്. ഇതിൽ വലിയൊരു ശതമാനം തുക കിട്ടിയത് മുഖ്യമന്ത്രിക്കും മകൾക്കുമാണെന്നും അദ്ദേഹം ആരോപിച്ചു.

സിഎംആർഎല്ലും വീണാ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ രണ്ടരമാസമായിട്ടും നടപടിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.