ഗവർണറുടെ രോഷം മനസ്സിലാക്കാവുന്നതേയുള്ളു; എസ്എഫ്‌ഐക്കെതിരെ വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം: ഗവർണറുടെ വാഹനത്തിന് നേരേയുള്ള എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. ഗവർണർക്ക് നേരെയുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എസ്എഫ്ഐ ഗൂണ്ടകൾ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടയുകയും, ആക്രമിക്കുകയും ചെയ്തത് ലജ്ജാവഹമാണ്. ഗവർണറുടെ രോഷം മനസ്സിലാക്കാവുന്നതേയുള്ളു കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ, പൊലീസ് നിയമലംഘകരുടെ ഏജന്റുമാരായി മാറിയിരിക്കുകയാണ്. അവർ ഭരണകക്ഷിയുടെ താന്തോന്നിത്തരത്തിന് കൂട്ടുനിൽക്കുകയാണ്. മുഖ്യമന്ത്രിക്ക് എതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ കൈകാര്യം ചെയ്തപ്പോൾ, ഗവർണർക്കെതിരെയുള്ള ആക്രമണം പൊലീസ് അനുവദിച്ചുകൊടുത്തു. നാണക്കേടാണെന്നും അദ്ദേഹം വിമർശിച്ചു.