കൊച്ചി: ശബരിമല വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എൻഎസ്എസ്-എൻസിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്നും കോടതി അറിയിച്ചു.
കേരളത്തിന് പുറത്തുള്ള എത്ര പേർ സ്‌പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് കോടതി ചോദിച്ചു. സ്‌പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തിൽ കൂടുതലാണെന്നും കേരളത്തിൽ നിന്നാണ് കൂടുതൽ തീർത്ഥാടകർ എത്തുന്നതെന്നും എഡിജിപി കോടതിയിൽ വിശദീകരിച്ചു. നിലയ്ക്കൽ പാർക്കിംഗ് നിറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ഹൈക്കോടതിയിൽ വിശദീകരണം നൽകിയത് ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതമാണ്.
ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. അതേസമയം, വെർച്വൽ വ്യൂ വഴി ബുക്ക് ചെയ്യുന്നവർക്ക് സൗകര്യം കിട്ടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മണിക്കൂറുകൾ വൈകുമ്പോൾ കുട്ടികളടക്കമുള്ളവർക്ക് സൗകര്യം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.
നിലയ്ക്കലിൽ തിരക്കാണെങ്കിൽ മറ്റിടങ്ങളിൽ പാർക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും വോളണ്ടിയർമാരുടെ സഹായം തേടണമെന്നും കോടതി കൂട്ടിച്ചേർത്തു.

