ബ്രിട്ടന് പിന്നാലെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും അവിദഗ്ധതൊഴിലാളികള്‍ക്കുമുള്ള വിസകളില്‍ നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. കുടിയേറ്റം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം. കുടിയേറ്റക്കാരുടെ എണ്ണം2022-23ല്‍ 510,000 എന്ന റെക്കോര്‍ഡ് സംഖ്യയിലെത്തുമെന്നതിനാലാണ് വിസാചട്ടങ്ങള്‍ പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കുടിയേറ്റം അടുത്ത രണ്ട് വര്‍ഷം കൊണ്ട് കോവിഡിന് മുന്‍പുണ്ടായിരുന്ന ശരാശരി കണക്കായ കാല്‍ ലക്ഷത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക്, പുതിയ നയപ്രകാരം ഇനി ഇംഗ്ലീഷ് പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ ആവശ്യമാണ്.
കൂടാതെ കടുത്ത നിയന്ത്രണങ്ങൾ പഠനശേഷം ഓസ്‌ട്രേലിയയില്‍ തുടരുന്നതിനും ഉണ്ടാവും. അതേസമയം ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് സ്‌പെഷ്യലിസ്റ്റ് വിസ ഗണത്തിലുള്‍പ്പെടുത്തി റിക്രൂട്ട്‌മെന്റ്, പി.ആര്‍ നടപടിക്രമങ്ങള്‍ സുഗമമാക്കും. ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ കുടിയേറ്റത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുന്നതെന്ന് അറിയിച്ചു.
വിദ്യാര്‍ഥി വിസയിലാണ് 2022-23 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറിയത് എന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ കുടിയേറ്റ സംവിധാനം തകിടം മറിഞ്ഞിരിക്കുകയാണെന്നും അത് ‘സുസ്ഥിര തലത്തിലേക്ക്’ കൊണ്ടുവരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് നേരത്തേ പറഞ്ഞിരുന്നു.

