33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച നേട്ടം. യുഡിഎഫ് സ്ഥാനാർത്ഥികൾ 17 വാർഡുകളിൽ വിജയിച്ചു. ബിജെപി നാലിടങ്ങളിലും മറ്റുള്ളവർ രണ്ടിടത്തും വിജയിച്ചു.ഉപതെരഞ്ഞെടുപ്പ് നടന്ന 33 ഇടങ്ങളിൽ 13 ൽ നിന്നാണ് യുഡിഎഫ് 17 സീറ്റായി വർധിപ്പിച്ചത്. രണ്ട് സീറ്റുകൾ എൽഡിഎഫിനും ബിജെപിക്കും കുറഞ്ഞു. 12 ൽ നിന്ന് പത്തിലേക്ക് എൽഡിഎഫ് ചുരുങ്ങി. ആറിടത്തുനിന്ന് ബിജെപി നാലിലേക്കൊതുങ്ങി. ആം ആദ്മി പാർട്ടി ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിൽ വിജയിച്ചു. ആം ആദ്മി പാർട്ടി പിടിച്ചെടുത്തത് യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്.
ഒരിടത്ത് എസ്ഡിപിഐ വിജയിച്ചു. 24 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ പതിനാലിടത്താണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിൻ്റെ നേട്ടം 12 ൽ നിന്നാണ്. നേരത്തേ 8 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8 സീറ്റ് ഇത്തവണയും നേടാനായി. മൂന്നിൽ നിന്ന് ബിജെപി ഒന്നായി ചുരുങ്ങി. ഒരു സീറ്റ് മാത്രം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉണ്ടായിരുന്ന യുഡിഎഫ് മൂന്നായി ഉയർത്തി. മൂന്നിൽ നിന്ന് എൽഡിഎഫ് ഒന്നായി ചുരുങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിൽ യുഡിഎഫ് അട്ടിമറി വിജയം നേടിയതാണ് എൽഡിഎഫിന് തിരിച്ചടിയായത്.
ഒരു സീറ്റ് ബിജെപി നിലനിർത്തി. തൽസ്ഥിതി നഗരസഭകളിൽ തുടർന്നു.ബിജെപിയുടെ കയ്യിലുണ്ടായിരുന്ന രണ്ട് സീറ്റുകൾ ബിജെപിയും എസ്ഡിപിഐ ഒരു സീറ്റും നിലനിർത്തി. ജില്ലാ പഞ്ചായത്തിൽ മത്സരം നടന്ന പാലക്കാട് വാണിയംകുളത്ത് വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തി.

