ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ സന്ദർശിക്കാനുള്ള അനുവാദം തേടി അമ്മ സമർപ്പിച്ച ഹർജിയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി. സന്ദർശനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം. മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി നൽകുന്നത് വാദത്തിനിടെ വിദേശകാര്യ മന്ത്രാലയം എതിർത്തിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടി യമൻ സന്ദർശിക്കാനുള്ള കുടുംബത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തുനൽകുകയും ചെയ്തിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയ്ക്കാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ തനുജ് ശങ്കർ കത്ത് നൽകിയത്.
അതേസമയം, യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷപ്രിയയുടെ അമ്മയുടെ അഭിഭാഷകനായ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ വ്യക്തമാക്കി. പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

