രാഷ്ട്രപതിയുടെ നടപടി ശരിവച്ച സുപ്രീംകോടതിക്കെതിരെ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി ശരിവച്ച സുപ്രീംകോടതിക്കെതിരെ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരി പ്രതികരിച്ചത് സുപ്രീം കോടതി വിധി അസ്വസ്ഥപ്പെടുത്തുന്നതാണെന്നാണ്. എന്ത് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുവാൻ ഇത്രയും സമയം അനുവദിച്ചതെന്ന് ചോദിച്ച സി പി എം ജനറൽ സെക്രട്ടറി, ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താമായിരുന്നില്ലേ എന്ന ചോദ്യവും മുന്നോട്ടുവച്ചു. സമാന സാഹചര്യം ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളിലുമുണ്ടായേക്കുമെന്ന ആശങ്കയും സീതാറാം യെച്ചൂരി പങ്കുവച്ചു.

അതേസമയം സുപ്രീം കോടതി മറ്റ് സംസ്ഥാനങ്ങൾക്കുള്ള അധികാരമേ ജമ്മു കശ്മീരിനുള്ളൂ എന്ന് വ്യക്തമാക്കിയാണ്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി ശരിവച്ചത്. 370 അനുച്ഛേദം താൽകാലികം മാത്രമാണെന്നും കശ്മീരിനെ രാജ്യത്തോട് കൂട്ടിച്ചേർക്കാനുള്ള നടപടികളുടെ തുടർച്ചമാത്രമാണ് 370 അനുച്ഛേദം എടുത്ത കളഞ്ഞനീക്കമെന്നും കോടതി നിരീക്ഷിച്ചിരുന്നു. കോടതി സംസ്ഥാനത്ത് നിയമസഭ ഇല്ലാത്തതിനാൽ രാഷ്ട്രപതിക്കും പാർലമെന്റിനും ഇക്കാര്യത്തിൽ അധികാരമുണ്ടെന്നും വിധിച്ചിട്ടുണ്ട്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതും ജമ്മു കശ്മീരിനെ രണ്ടാക്കിയ നടപടിയും കോടതി അംഗീകരിച്ചു. പൂർണ്ണ സംസ്ഥാന പദവി ജമ്മു കശ്മീരിന് എത്രയും വേഗം നൽകുമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു.