തെറ്റു ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്; മൻസൂർ അലി ഖാനെതിരെ കോടതി

ചെന്നൈ: നടൻ മൻസൂർ അലി ഖാനെതിരെ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. നടി തൃഷക്കെതിരായ മാനനഷ്ടക്കേസിലാണ് മദ്രാസ് ഹൈക്കോടതി മൻസൂർ അലി ഖാനെതിരെ വിമർശനം ഉന്നയിച്ചത്. പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ച് കോടതി മൻസൂർ അലി ഖാനെ ഓർമ്മിപ്പിച്ചു.

സെലിബ്രിറ്റികളെ പലരും മാതൃകയാക്കുന്നുണ്ട്. അതിനാൽ ശ്രദ്ധിക്കണം. തുടർച്ചയായി താങ്കൾ വിവാദങ്ങളിൽ പെടുന്നുണ്ടെന്നും തെറ്റു ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിക്കുകയും ചെയ്തു.

മാനനഷ്ടക്കേസ് കൊടുക്കേണ്ടത് തൃഷ ആണെന്ന് കോടതി വ്യക്തമാക്കി. കേസിൽ ബാധിക്കപ്പെട്ടയാൾ താനാണെന്നും താൻ അതുവിട്ട് സമാധാനത്തോടെയിരിക്കുമ്പോൾ അദ്ദേഹം വീണ്ടും കേസുമായി വന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും തൃഷയ്ക്കു വേണ്ടി അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.

കേസ് ഡിസംബർ 22ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.. തൃഷ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് മൻസൂർ അലിഖാൻ കോടതിയിൽ കേസ് ഫയൽ ചെയ്തത്.

വിജയ് ചിത്രം ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മൻസൂർ അലിഖാൻ തൃഷയെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. വിഷയത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, കേസുമായി കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. തുടർന്നാണ് താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂർണമായി കാണാതെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് മൻസൂർ അലി ഖാൻ കോടതിയിൽ മാനനഷ്ട കേസ് നൽകിയത്.