ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. മുൻ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ആണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകുക. റായ്പുരിൽ ചേർന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 ബിജെപി എംഎൽഎമാരുടെ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം നടന്നത്. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ 54 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 90 സീറ്റുകളാണ് ഛത്തീസ്ഗഡിൽ ആകെയുള്ളത്.

ദലിത് നേതാവാണ് വിഷ്ണു ദേവ് സായി. കുങ്കുരി നിയമസഭാ സീറ്റിൽ നിന്ന് 87,604 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. ഒന്നാം മോദി മന്ത്രിസഭയിൽ ഉരുക്കു സഹമന്ത്രിയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്ന് നാലു തവണ അദ്ദേഹം ലോക്‌സഭാംഗമായി. 2020 മുതൽ 2022 വരെ ഛത്തീസ്ഗഡ് ബിജെപി അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.