വയനാട്: വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ ആവശ്യമെങ്കിൽ വെടിവച്ച് കൊല്ലാൻ ഉത്തരവ്. ചീഫ് വൈൽഡ് വാർഡനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആളെ കൊന്ന കടുവയെന്ന് ഉറപ്പിച്ച് മാത്രം വെടിവയ്ക്കണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ പ്രതിഷേധം നടത്തിയ നാട്ടുകാർ സമരം അവസാനിപ്പിച്ചു. മരിച്ച പ്രജീഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് പശുവിന് പുല്ലരിയാൻ പോയ യുവാവ് പ്രജീഷിനെ കടുവ കടിച്ച് കൊലപ്പെടുത്തിയത്. പ്രജീഷിന്റെ മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
പ്രജീഷിന്റെ സഹോദരനാണ് മൃതദേഹം കണ്ടത്. കടുവ ആക്രമിച്ച് കൊണ്ടുപോയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. വനംവകുപ്പ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വനാതിർത്തി മേഖലയാണ്. കടുവ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തെരച്ചിൽ നടത്തുന്നത്.

