ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പ്രധാനമന്ത്രി കേരളത്തിലെത്തും

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബിജെപി. പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയിൽ കേരളത്തിലെത്തും. ജനുവരി ആദ്യവാരം നടക്കുന്ന എൻഡിഎയുടെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.

ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ നേതാക്കളും കേരളം സന്ദർശിക്കും. എൻഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻഡിഎ പ്രവർത്തകരും ഇറങ്ങും. സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എൻഡിഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പി സി ജോർജ് നയിക്കുന്ന ജനപക്ഷം പാർട്ടിയെ എൻഡിഎയിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചർച്ച ചെയ്യും. ശിവസേന ഷിൻഡെ വിഭാഗത്തെ കേരളത്തിലെ എൻഡിഎയിൽ ഉൾപ്പെടുത്തും. ഭൂമിയുടെ രേഖകൾ ഹാജരാക്കാത്തതിനാൽ മോദി സർക്കാരിന്റെ കിസാൻ സമ്മാൻ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകർക്ക് ലഭിക്കുന്നില്ല. നബാർഡ് വഴി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കർഷകർക്ക് എത്തുന്നില്ല. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളാണ് കർഷകരെ കഷ്ടത്തിലാക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്നാണ് കോൺഗ്രസ് പറയുന്നത്. എൽഡിഎഫ് ഏതാണ് യുഡിഎഫ് ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദി. കർഷകരുടെ ആനുകൂല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകൾ തുടരുന്നതിന് കാരണം. നരേന്ദ്രമോദി സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. നെൽകർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക നൽകുന്നില്ല. റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത തുക നൽകുന്നില്ല. നവകേരളയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നാണ്. ഈ നിലപാടാണ് ഇപ്പോൾ കോൺഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയിൽ നിന്നും കോൺഗ്രസ് മാറി നിൽക്കുന്നത് ശരിയല്ല. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോൺഗ്രസാണ്. ഭരണ-പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.