തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 4 പേജുള്ള ആത്മഹത്യക്കുറിപ്പാണ് ഷഹനയുടെ മുറിയിൽ നിന്നും കണ്ടെത്തിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്…’ എന്നു മാത്രമാണ് ഒരു പേജുള്ള കുറിപ്പിലുള്ളതെന്നാണ് മെഡിക്കൽ കോളജ് പോലീസ് ആദ്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ, ഷഹനയുടെ ആത്മഹത്യക്കുറിപ്പിൽ പ്രതിയുടെ പേരും പങ്കും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നാണ് മെഡിക്കൽ കോളജ് എസ്എച്ച്ഒ പി ഹരിലാൽ തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
”സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നത്… വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കർ കണക്കിന് വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലെന്നുള്ളത് സത്യമാണ്….” എന്ന വാക്കുകൾ കുറിപ്പിലുണ്ടെന്ന സൂചനയാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
എ 4 സൈസിലുള്ള കടലാസിലാണ് കുറിപ്പെഴുതിയത്. ചിലരെക്കുറിച്ചു ഗുരുതര പരാമർശങ്ങൾ കുറിപ്പിലുണ്ടെന്നും ഇതു വെളിപ്പെടുത്താൻ കഴിയില്ലെന്നുമാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോ.റുവൈസാണ് കേസിലെ പ്രതി.
ഷഹയുടെ സഹോദരി സറീന, മാതാവ് ജലീല ബീവി എന്നിവരുടെ മൊഴിയെ തുടർന്നാണ് സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയും റുവൈസിനെതിരെ കേസെടുത്തത്. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

