തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ റിപ്പോർട്ട് തേടി. മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ, ജില്ലാ കളക്ടർ, കമ്മീഷണർ എന്നിവരോടാണ് ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടിയത്.
ഡിസംബർ 14 ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകണമെന്നാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് ഷഹന മരിക്കാൻ കാരണമെന്നാണ് മെഡിക്കൽ കോളേജ് പൊലീസിനോടും വനിതാ കമ്മീഷൻ അധ്യക്ഷയോടും ബന്ധുക്കൾ വ്യക്തമാക്കിയത്.
അതേസമയം, ഷഹനയുടെ സുഹൃത്തായ ഡോക്ടറെ ഉൾപ്പെടെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹന കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിലാണ് ഷഹനയെ കണ്ടെത്തിയത്. സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടനാ പ്രതിനിധിയുമായ ഡോക്ടറുമായി ഷെഹന അടുപ്പത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ ഉരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. വരന്റെ വീട്ടുകാർ വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങുകയായിരുന്നു. ഇത് ഷഹനയെ മാനസികമായി തകർത്തിരുന്നുവെന്നാണ് വിവരം.

