ന്യൂഡൽഹി: ഹജ്ജ് നടപടികൾ ലളിതമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. സൗദി അറേബ്യയുടെ ഹജ്ജ് വകുപ്പ് മന്ത്രി തൗഫീഖ് ബിൻ ഫവ്സാൻ അൽ റാബ്യയുമായി ചേർന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
2024 വർഷത്തെ ഹജ്ജ് നയം പുറത്തിറക്കി. ഹജ്ജ് നടപടികൾ എല്ലാവർക്കും പ്രാപ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വളരെ ആഴത്തിലുള്ള ചർച്ചകളാണ് നടന്നത്. ഹജ്ജ് നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനെപ്പറ്റിയും ചർച്ച നടന്നു. ഹജ്ജ് തീർത്ഥാടനത്തിനായി പൂർണ സഹകരണം കാഴ്ചവെയ്ക്കുന്ന സൗദി അറേബ്യയുടെ നിലപാടിനെ അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് 2023ലെ ഹജ്ജ് തീർത്ഥാടനത്തിനായി രാജ്യം ചെയ്ത കാര്യങ്ങൾ പ്രശംസയർഹിക്കുന്നു. ഏകദേശം 47 ശതമാനം സ്ത്രീകളാണ് കഴിഞ്ഞ തവണ ഹജ്ജ് തീർത്ഥാടനം നടത്തിയത്. lady without maharam കാറ്റഗറിക്കു കീഴിൽ കീഴിൽ 4000ഓളം സ്ത്രീകളാണ് തീർത്ഥാടനത്തിനെത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ഉംറയ്ക്കായി എത്തുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് സൗദി അറേബ്യ നാല് ദിവസത്തെ സ്റ്റോപ്പ് ഓവർ വിസ അനുവദിച്ചിട്ടുണ്ട്. സൗദിയുടെ ഹജ്ജ്-ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിൻ ഫവ്സാൻ അൽ റാബ്യ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ തീർത്ഥാടകർക്ക് സൗദിയിലെ ഏതെങ്കിലും നഗരം സന്ദർശിക്കാനോ ഉംറ നിർവ്വഹിക്കാനോ ഈ വിസയിലൂടെ കഴിയും.

