സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു; അശോക് ഗഹ്ലോതിനെതിരേ ആരോപണങ്ങളുമായി സഹായി

ജയ്പുർ: രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗഹ്ലോതിനെതിരേ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ ഒ.എസ്.ഡി.(ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി) ആയിരുന്നു ലോകേഷ് ശർമ്മ. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് അദ്ദേഹം വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

2020-ൽ അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിൽ സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവെന്നാണ് ലോകേഷ് ശർമ്മ വ്യക്തമാക്കിയിട്ടുള്ളത്. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത നീക്കത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതിന് പിന്നാലെ അശോക് ഗഹ്ലോത് സർക്കാർ പൈലറ്റിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ഫോൺ വിവരങ്ങൾ ചോർത്തി നിരീക്ഷിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ.

സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വിമതനീക്കം നടക്കുന്നത്. 2020 ലായിരുന്നു ഭരണ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരുകൂട്ടം കോൺഗ്രസ് എം.എൽ.എമാർക്കൊപ്പം സച്ചിൻ പൈലറ്റ് വിമത നീക്കം നടത്തിയത്. എന്നാൽ പിന്നീട് ഈ നീക്കം പാളുകയും സച്ചിൻ പൈലറ്റിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാവരേയും നിരീക്ഷിക്കാൻ വേണ്ടിയുള്ള സംവിധാനം ഏർപ്പെടുത്തിയത്. ഇവർ എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു, ആരോടൊക്കെ സംസാരിക്കുന്നു എന്ന കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവെന്ന് ലോകേഷ് ശർമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.