മുഖ്യമന്ത്രി കൈകൊണ്ടൊരു പരാതി വാങ്ങിയാല്‍ ആ പരാതിക്കാരന് സ്വര്‍ണമോതിരം; പരിഹാസവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നവകേരള സദസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഒരു പാവപ്പെട്ടവന്റെ കൈയിൽ നിന്നും നേരിട്ട് പരാതി വാങ്ങിയിട്ടുണ്ടെങ്കിൽ ആ പരാതിക്കാരന് സ്വർണമോതിരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഇതുവരെ ഒരാളുടെ കൈയിൽനിന്നുപോലും പരാതി വാങ്ങിച്ചിട്ടില്ല. ബൂത്തിലാണ് പരാതി കൊടുക്കുന്നത്. അങ്ങനെയാണെങ്കിൽ ജില്ലാ കളക്ട്രേറ്റിൽ ബൂത്ത് സ്ഥാപിച്ച് അവിടെ കൊടുത്താൽപ്പോരെയെന്നും എന്തിനാണ് ഈ മാമാങ്കമെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

നവകേരളസദസ്സ് നടക്കുന്നത് യുഡിഎഫിന് അനുകൂലമാണ്. ഒരു പരാതിയും പരിഹരിക്കപ്പെടുന്നില്ല. മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കേണ്ട പരാതി മേയർക്ക് അയച്ചുകൊടുക്കുന്നു. കാസർകോട് 4000-ത്തിലധികം പരാതി ലഭിച്ചു. 199 പരാതി മാത്രമാണ് പരിശോധിച്ച് മറ്റ് വകുപ്പുകളിലേക്ക് നൽകിയത്. ഒരു പരാതിയും പരിഹരിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ ഡയറക്ടറുടെ പ്രസ്താവന തലകുനിപ്പിക്കുന്നതാണ്. ബിഹാറിന്റെ നിലവാരത്തിലേക്ക് കേരളം മാറിയിരിക്കുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ചയാണ് ഇത് കാണിക്കുന്നത്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കൊടുക്കുന്നത് ഈ സർക്കാരിന്റെ ഗതികേടാണെന്നും അദ്ദേഹം അറിയിച്ചു.

ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. തെലങ്കാന ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ ബിജെപിയെക്കാൾ സന്തോഷിക്കുന്നത് സിപിഎമ്മാണ്. എം വി ഗോവിന്ദനാണ് സുരേന്ദ്രനേക്കാൾ സന്തോഷം. ബിജെപി ജയിച്ചാലും കോൺഗ്രസ് പരാജയപ്പെടണമെന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. എകെജി. സെന്ററിൽ പടക്കം പൊട്ടിച്ചില്ലായെന്ന് മാത്രമേയുള്ളൂ, ബാക്കിയെല്ലാം ചെയ്തുവെന്ന് അദ്ദേഹം പരിഹസിച്ചു.