തൃശൂർ: ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നൂതന കൃഷി രീതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്ര പദ്ധതികളാണ് കാർഷികോൽപാദനം വർധിപ്പിക്കാൻ സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷത്തിൽ 22 കൃഷിശ്രീ സെന്ററുകൾ ആരംഭിക്കുന്നതിനായി 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലയിൽ യന്ത്രോപകരണങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുക, കാർഷിക മേഖലയ്ക്ക് ആവശ്യമായ സഹായങ്ങളും സേവനങ്ങളും മിതമായ നിരക്കിൽ കർഷകർക്ക് നൽകുക തുടങ്ങിയവയും പ്രധാന പ്രവർത്തനങ്ങളാണ്. കർഷകർക്ക് അറിവുകൾ പകർന്നു കൊടുക്കാനും സഹായം നൽകാനും ജില്ലകൾ തോറും പുതുതായി രൂപീകരിക്കുന്ന വികേന്ദ്രീകൃത സംവിധാനമാണ് വൈഗ റിസോഴ്‌സ് സെന്ററുകൾ. കർഷകന്റെയോ സംരംഭകന്റെയോ ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ഡിപിആർ തയാറാക്കൽ മുതലുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന രീതിയിൽ റിസോഴ്‌സ് സെന്ററുകൾ വിഭാവനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ബാങ്ക് വായ്പകളും സർക്കാരിൽ നിന്ന് മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിന് പര്യാപ്തമായ പ്രോജക്ട് റിപ്പോർട്ടുകൾ തയാറാക്കുന്നതിനായി കർഷകരെ പ്രാപ്തരാക്കുന്ന ഡിപിആർ ക്ലിനിക്കുകൾ ആരംഭിച്ചു.കൃഷിയുമായി ബന്ധപ്പെട്ട ക്രിയാത്മക നിർദേശങ്ങൾ സ്വീകരിച്ച് നടപടി സ്വീകരിക്കും. തൃശൂർ മുളങ്കുന്നത്തുകാവ് കിലയിൽ ചേർന്ന നവകേരള സദസ്സിന്റെ പ്രഭാത യോഗത്തിൽ നിരവധിപ്പേരിൽനിന്നായി അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

