തൃശ്ശൂർ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ലെന്നും രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്കെതിരെയാണോ സിപിഎമ്മിനെതിരെയാണോ മത്സരിക്കേണ്ടതെന്ന് കോൺഗ്രസ് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിർപ്പുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രതികരണം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിന്റെ മുട്ടാപോക്ക് നയം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ബിജെപിയെ നേരിടേണ്ടത്. ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർത്തുകൊണ്ടാകണമല്ലോ അത്. കോൺഗ്രസിന് അതിന് കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കോൺഗ്രസിന്റെ സമുന്നതനായ നേതാവായ കമൽനാഥിന്റെ പ്രചരണ രീതി എന്തായിരുന്നു. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് നിൽക്കുന്ന രീതിയിലായിരുന്നില്ലെ അത്.ഇത്തരത്തിലുള്ള ദുർഗതി ഉണ്ടാക്കിവെച്ചത് കോൺഗ്രസാണ് എന്ന് നാം തിരിച്ചറിയണം. കോൺഗ്രസ് ഇത് തിരിച്ചറിയണം,ഇതിൽ നിന്നും പാഠമുൾക്കൊള്ളണം. രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്തുക എന്നത് ഇന്ന് രാജ്യം അവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പക്ഷെ അത് തങ്ങൾ ഒറ്റക്ക് നിർവഹിക്കും എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടാൽ അത് സാധിക്കില്ല എന്നാണ് ഈ കടുത്ത അനുഭവം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.