ചെന്നൈ: തമിഴ് നടനും വിജയകാന്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള ആശങ്കയിലാണ് ആരാധകർ. പല പ്രമുഖ താരങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യ നില അന്വേഷിച്ച് ആശുപത്രിയിൽ എത്തിയിരുന്നു. ചിലർ ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞിരുന്നു. എന്നാൽ, നടൻ വിജയ് ഒരിക്കൽ പോലും വിജയകാന്തിന്റെ ആരോഗ്യ സംബന്ധിച്ച് അന്വേഷണം നടത്താത്തത് വിജയ് കാന്ത് ആരാധകർക്കിടയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.
കരിയറിന്റെ ഒരു അത്യാവശ്യഘട്ടത്തിൽ വിജയിയെ കൈപിടിച്ചുയർത്തിയ വിജയകാന്തിനെ വിജയ് മറന്നോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇത് സംബന്ധിച്ച് നടനും രാഷ്ട്രീയക്കാരനുമായ മീശ രാജേന്ദ്രൻ നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളും ഇപ്പോൾ വൈറലാകുന്നുണ്ട്. ‘നാളെയെ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ് 92ൽ വിജയ് നായകനായി എത്തിയത്. അദ്ദേഹത്തിന്റെ പിതാവ് എസ് സി ചന്ദ്രശേഖർ തന്നെയാണ് ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്തത്. ചിത്രം വലിയ പരാജയമായിരുന്നു. ഇതോടെ ചെന്നൈയിലെ വീട് ഒഴികെ അവരുടെ എല്ലാ സ്വത്തും കടത്തിലായി. ഒന്നെങ്കിൽ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കിൽ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു അന്ന് മുന്നിലുള്ള വഴികൾ എന്ന് വിജയ് തന്നെ ഇത് ഒരിക്കൽ സൂചിപ്പിച്ചിട്ടുണ്ട്.
അന്ന് വിജയിയും പിതാവും തെരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്. അതിന് ഒരു സൂപ്പർതാരത്തെ സമീപിച്ചു. വിജയകാന്ത് ആ മോശം ഘട്ടത്തിൽ വിജയ് കുടുംബത്തെ രക്ഷിച്ചു. അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയിൽ വിജയ് കാന്ത് അഭിനയിച്ചു. ആ പടം വിജയിക്കാൻ കാരണവും വിജയിക്ക് പിന്നീട് തമിഴ് സിനിമയിൽ തുടർന്നും അവസരം ഉണ്ടാക്കിയതും വിജയ്കാന്തിന്റെ സാന്നിദ്ധ്യമാണെന്നാണ് പറയപ്പെടുന്നത്.
ആ വിജയകാന്തിനെ വിജയ് ഇപ്പോൾ ഒന്ന് കാണുവാൻ എങ്കിലും വന്നോ, അല്ലെങ്കിൽ ജന്മദിനത്തിന് ആശംസിച്ചോ. അതൊന്നും ശരിയല്ല. തമിഴ് സിനിമ ലോകത്ത് ഞാൻ ഉറുമ്പും, വിജയ് ആനയുമാണ്. പക്ഷെ ഇതൊന്നും ശരിയല്ല. ക്യാപ്റ്റനെ അവഗണിച്ച ആളാണ് വിജയ് എന്നാണ് മീശ രാജേന്ദ്രൻ വെളിപ്പെടുത്തിയത്.

