‘തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തണം’; സഹായ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്‌നാടിന് സഹായ സന്നദ്ധത അറിയിച്ച് കേരളം. അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുന്ന തമിഴ്നാടിന് സംസ്ഥാനത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്. തമിഴ്‌നാട്ടിൽ ഇതിനകം 5000-ൽ അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കഴിഞ്ഞു. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാൻ തമിഴ്‌നാടിനൊപ്പം നിൽക്കാം. തമിഴ്‌നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.