കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണവും കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നികുതി വിഹിതം കുറച്ചുകൊണ്ടുവരുന്നതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനോട് എതിര്‍പ്പുള്ളത് എന്ന് വിഡി സതീശന്‍ വ്യക്തമാക്കി. ധനപ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് എന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. നികുതിവെട്ടിപ്പുകാരുടെ പറുതീസയാണ് കേരളമെന്നും ആര്‍ക്കും കൊണ്ടു വന്ന് എന്തു വില്‍ക്കാമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് വിഡി സതീശന്‍ പറഞ്ഞു. ആഴ്ചയില്‍ നാലു ദിവസമെങ്കിലും സെക്രട്ടറിയേറ്റിലുണ്ടാകേണ്ടയാളാണ് ധനമന്ത്രി.
44 ദിവസത്തേക്ക് മുഖ്യമന്ത്രി ധനമന്ത്രിയെയും കൂട്ടി പോയിരിക്കുവാണ്.ഒരു വിധത്തിലുള്ള ധനകാര്യ സംബന്ധമായ ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ഇപ്പോള്‍ ട്രഷറി അടഞ്ഞുകിടക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.കേരളം നശിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധിയാണെന്നും വികസന പദ്ധതികള്‍ ഉള്‍പ്പെടെ താളം തെറ്റിയിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
മന്ത്രിമാരെ കൊണ്ട് ഇതിനിടെയാണ് ടൂര്‍ പോയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ പോലും ഇല്ലെന്നും നാഥനില്ല കളരിയായെന്നും അരാജകത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സപ്ലൈകോ അടച്ചുപൂട്ടലിന്റെ ഭിഷണിയില്‍, കെഎസ്ആര്‍ടിസി തകരുകയാണ്, നെല്ല് സംഭരണത്തിന്റെ പണം നല്‍കാനുണ്ട്, 40,000 കോടിയാണ് കെഎസ്ഇബിയുടെ കടം എന്നും സതീശന്‍ പറഞ്ഞു.

