തിരുവനന്തപുരം; ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാൽ റിസർവ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം മരവിപ്പിച്ച് സർക്കാർ. പ്രതിഷേധം ശക്തമായതോടെയാണ് വിജ്ഞാപനം സർക്കാർ മരവിപ്പിച്ചത്.
ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി ചിന്നക്കനാൽ റിസർവ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനത്തിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗംചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്. 301 കോളനി, സിങ്കകണ്ടം, സിമന്റ് പാലം, സൂര്യനെല്ലി സെറ്റിൽമെന്റ് എന്നിവ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നതായി ആരോപണം ഉയർന്നിരുന്നു. സിപിഎം നേതാവും മുൻമന്ത്രിയുമായ എംഎം മണി എംഎൽഎയാണ് ആദ്യം വിജ്ഞാപനത്തിനെതിരെ രംഗത്തെത്തിയത്.
വിജ്ഞാപനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാർ തീരുമാനിക്കും. വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നടപടികളുമായി മുന്നോട്ട് പോയാൽ ജനങ്ങൾ നേരിടും. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. ഈ സമരത്തിന് ഒപ്പം നിൽക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. നവ കേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുൻപ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും എം എം മണി അറിയിച്ചു.

