മണിപ്പൂരിൽ വീണ്ടും സംഘർഷം; 13 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്നൗപാൽ ജില്ലയിലാണ് സംഘർഷം ഉണ്ടായത്. 13 പേരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. തെങ്നൗപാൽ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെപ്പ് നടന്നത്. വെടിവെപ്പിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് 13 മൃതദേഹങ്ങൾ കണ്ടെത്തിയത്.

സുരക്ഷാ സേനയുടെ ക്യാമ്പ് അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ്. ആയുധങ്ങളൊന്നും സൈന്യം മൃതദേഹങ്ങൾക്കരികിൽ കണ്ടെത്തിയില്ല. മരിച്ചവർ ലീത്തു മേഖലയിൽ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, മരണപ്പെട്ടവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ പുറത്തുവിട്ടിട്ടില്ല.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മെയ് 3 മുതൽ മണിപ്പൂരിൽ മെയ്‌തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷങ്ങൾ അതിരൂക്ഷമായി നിലനിൽക്കുന്നുണ്ട്. അക്രമസംഭവങ്ങളിൽ 182 പേർ കൊല്ലപ്പെടുകയും 50000-ത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തു.