തൃശ്ശൂർ: കേരളത്തിലെ വിദ്യാലയങ്ങളുടെ നിലവാരത്തെ പുകഴ്ത്തി വിദ്യാഭ്യാസ മമന്ത്രി വി ശിവൻകുട്ടി. റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോ എന്നുചോദിച്ച് ചെല്ലുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിൽ നവകേരള സദസ്സിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിക്ഷേപം തുടരും. തൃശൂർ ജില്ലയിൽ മാത്രം കിഫ്ബി ഫണ്ട് വഴി 183.90 കോടി രൂപയാണ് പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവിട്ടത്. സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസമാണ് കേരളത്തിന്റെ പ്രത്യേകത. രാജ്യത്ത് വിവിധ വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. കുട്ടികളുടെ കൊഴിഞ്ഞ്‌പോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ പ്രീ പ്രൈമറിയിൽ ചേരുന്ന ഏതാണ്ട് എല്ലാവരും ഹയർ സെക്കണ്ടറി തലം വരെ പഠിക്കുന്നു. വിദ്യാഭ്യാസം കേരളത്തിൽ കച്ചവട ചരക്കല്ല എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണ്. എയ്ഡഡ് മേഖലയിലും സർക്കാർ മേഖലയിലും പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിന്റെ മക്കളാണെന്ന മനോഭാവം തന്നെയാണ് സർക്കാരിനുള്ളത്. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. വീണ്ടും ഇത് അൺ എയ്ഡഡ് മേഖലയിൽ കൊണ്ടുവരാൻ പരിശ്രമിക്കരുത്. അങ്ങനെ പരിശ്രമിച്ചാൽ കർശന നിലപാട് സ്വീകരിക്കും. അനാവശ്യമായി കുട്ടികളിൽ നിന്ന് പണംപിരിക്കാനും സാമ്പത്തിക ബാധ്യത വരുത്താനും പാടില്ലെന്നും മന്ത്രി പറഞ്ഞു.

