ചെന്നൈ: തമിഴ്‌നാട്ടിൽ ശക്തമായ മഴ. മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ അനുഭവപ്പെടുന്നത്. ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുകയാണ് മിഷോങ് ചുഴലിക്കാറ്റ്. കനത്ത മഴയിൽ ചെന്നൈയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. പലയിടത്തും വൈദ്യുതിയും ഇന്റർനെറ്റ് സേവനവും തടസപ്പെട്ടിട്ടുണ്ട്.
അടിയന്തരാവശ്യത്തിനൊഴികെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. ഗതാഗത സംവിധാനങ്ങളെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ട്രെയിൻ, വിമാന സർവീസുകളെയും മഴയും വെള്ളക്കെട്ടും സാരമായി ബാധിച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. കേരളത്തിൽ കൂടി കടന്നുപോകുന്ന പല സർവീസുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
വടപളനി, താംബരം ഉൾപ്പെടെ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് ചെന്നൈ നെടുങ്കുൻട്രം നദി കരകവിഞ്ഞു. ഇതേത്തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മതിലിടിഞ്ഞ് വീണ് രണ്ടുപേർ മരണപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
ചെന്നൈ ഉൾപ്പെടെയുള്ള നാല് ജില്ലകളിൽ ഇന്ന് പൊതുഅവധിയാണ്. സ്വകാര്യസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം, നേർക്കുൻട്രം വിഐടിക്കു സമീപം റോഡിൽ മുതലയെ കണ്ടതായുള്ള വാർ്തകളും പുറത്തു വന്നിട്ടുണ്ട്.

