ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണം; ടെൻഡർ ക്ഷണിച്ചു

കോഴിക്കോട്: ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് ടെൻഡർ വിളിച്ചത്. 1736.45 കോടി രൂപയ്ക്ക് രണ്ടുപാക്കേജായാണ് ടെൻഡർ. പുതിയ പാത കോഴിക്കോട്- മലപ്പുറം ജില്ലകളിൽ നിന്ന് വയനാട്ടിലെത്താനുള്ള ഏളുപ്പമാർഗമാണ്. ഇത് യാഥാർഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ ഏപ്രിലിൽ തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരുന്നു. കൊങ്കൺ റെയിൽവേ കോർപ്പറേഷനെയാണ് തുരങ്കപാത പദ്ധതിയുടെ സാങ്കേതിക പഠനം മുതൽ നിർമാണം വരെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയത്. 1643.33 കോടി രൂപയ്ക്കാണ് തുരങ്കനിർമാണത്തിനും അനുബന്ധപ്രവൃത്തികൾക്കുമായി ടെൻഡർ ക്ഷണിച്ചത്.

ഫെബ്രുവരി 23-ആണ് ടെൻഡർ നൽകേണ്ട അവസാന തീയതി. നാലു വർഷംകൊണ്ട് പണി പൂർത്തീകരിക്കണം. 10 മീറ്റർ വീതിയുള്ള ഇരട്ടത്തുരങ്കങ്ങളാണ് നിർമിക്കുക. 93.12 കോടി രൂപയുടെതാണ് തുരങ്കത്തിലേക്കെത്തുന്ന രണ്ടുപാലങ്ങളുടെ നിർമാണത്തിനുള്ള ടെൻഡർ. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെയാണ് പാലങ്ങൾ നിർമിക്കുക. നിർമാണകാലാവധി രണ്ടുവർഷമാണ്. ജനുവരി 19-നുള്ളിൽ ടെൻഡർ നൽകണമെന്നാണ് നിർദ്ദേശം.

മണ്ണിടിച്ചിലും മറ്റും പ്രതിരോധിക്കുംവിധം സുരക്ഷിതമായിട്ടാവും തുരങ്കപാതനിർമ്മിക്കുന്നത്.