കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളിലൊരാളായ അനുപമ പദ്മൻ കൃത്യത്തിന് കൂട്ടുനിന്ന സാഹചര്യം വിശദീകരിച്ച് എഡിജിപി അജിത് കുമാർ. യൂട്യൂബിൽ അനുപമയുടെ മാസവരുമാനം 3 മുതൽ 5 ലക്ഷം വരെയായിരുന്നുവെന്നാണ് എഡിജിപി വ്യക്തമാക്കുന്നത്.
നിയമവിദ്യാർത്ഥിയാകാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് അനുപമ. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അനുപമയ്ക്ക് അറിയാം. ഒരു വർഷം മുമ്പാണ് കുട്ടിയെ തട്ടികൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതിലൂടെ പണമുണ്ടാക്കാമെന്ന തീരുമാനത്തിലേക്ക് പദ്മകുമാറും ഭാര്യ അനിതാകുമാരിയും എത്തുന്നത്. അനിതാ കുമാരിയായിരുന്നു ബുദ്ധികേന്ദ്രം. മകൾ അനുപമയ്ക്കും പദ്മകുമാറിന്റെ അമ്മയ്ക്കും ആദ്യം എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ പണത്തിന്റെ ആവശ്യം അടിയന്തരമായി വന്നതോടെ കിഡ്നാപ്പിംഗ് എന്ന ആവശ്യത്തിലേക്ക് തന്നെ എത്തുകയായിരുന്നുവെന്ന് അദ്ദേഹം വിശദമാക്കി.
അതിനിടെ ജൂൺ 28ന് അമ്മ മരിച്ചു. അനുപമയുടെ യൂട്യൂബിൽ നിന്നുള്ള മാസവരുമാനം 3-8 ലക്ഷം മുതൽ 5 ലക്ഷം വരെയായിരുന്നു. യൂട്യൂബ് പണം നൽകുന്നത് നിറുത്തിയതോടെ അനുപമ ഡിപ്രഷനിലായി. തുടർന്ന് അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിനൊപ്പം നിൽക്കാൻ പെൺകുട്ടി തയ്യാറായി. തട്ടികൊണ്ടുപോകുന്നതിനുള്ള സഹായം മാത്രമാണ് അനുപമ ചെയ്തത്. കൃത്യം നടത്തിയത് പദ്മകുമാറും അനിതാകുമാരിയും ചേർന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡിനുശേഷം കടുത്ത സാമ്പത്തികപ്രശ്നം നേരിട്ട പത്മകുമാറിന് അഞ്ചുകോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അടിയന്തര ആവശ്യത്തിനായി 10 ലക്ഷം രൂപയാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നും എഡിജിപി കൂട്ടിച്ചേർത്തു.

