പൂയപ്പള്ളി: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതി പദ്മകുമാറിന്റെ മൊഴിയിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കെ ബി ഗണേശ് കുമാർ എംഎൽഎ. കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിയുടെ മൊഴിയിൽ തനിക്ക് വിശ്വാസമില്ല. അഞ്ചുകോടിയുടെ കടം തീർക്കാൻ സാധാരണക്കാരനായ ഒരാളുടെ മകളെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസനീയമല്ലെന്നും 10 ലക്ഷം കൊണ്ട് പ്രതിയ്ക്ക് പലിശ അടയ്ക്കാൻ കൂടി സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
മീഡിയയിലൂടെ ഈ സംഭവം പുറത്തുവന്നില്ലായിരുന്നുവെങ്കിൽ കുടുംബം ഭയന്ന് ആ കാശ് കൊടുത്തേനേ. മീഡിയയും പോലീസും നാട്ടുകാരും കൈകോർത്തതോടെ അവരുടെ പദ്ധതിയെല്ലാം പൊളിഞ്ഞു. പക്ഷേ അവർ നാടിനെ മൊത്തം മുൾമുനയിൽ നിർത്തിക്കളഞ്ഞു. പ്രതിയും കൂട്ടരും ആസൂത്രണം ചെയ്ത പ്ലാൻ ശുദ്ധമണ്ടത്തരമാണെന്നും കേരളാ പോലീസ് ഏതുകേസും പെട്ടെന്ന് തന്നെ തെളിയിക്കുമെന്നും ഗണേശ്കുമാർ പറഞ്ഞു. ‘പ്രതി ആസൂത്രണം ചെയ്ത പ്ലാൻ ശുദ്ധ മണ്ടത്തരമാണ്. പ്രതി എൻജിനിയറിങ് ബിരുദധാരിയാണ്. എന്നിട്ടും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നത് വലിയ മണ്ടത്തരമാണ്. പ്രതിയുടെ ഭാര്യയാണ് പദ്ധതി തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയ്ക്ക് തൂക്കുകയർ ശിക്ഷ ലഭിച്ചവിവരമൊന്നും ഇവരറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
കടബാധ്യത തീർക്കാൻ പ്രതിയ്ക്ക് വീടുവിറ്റാൽ മതി. സ്വന്തമായി ആവശ്യത്തിന് സ്വത്തുണ്ടായിട്ടും എന്തിനാണ് പ്രതി ഇത്തരം ക്രിമിനൽ പ്രവൃത്തികൾ നടത്തുന്നത്. എന്തിനാണ് കുഞ്ഞിനോട് ക്രൂരത കാണിക്കുന്നത്. ഇനി എങ്ങനെ അവർക്ക് ജീവിക്കാനാകും. കല്യാണപ്രായമായ ഒരു മകളുണ്ട് പ്രതിയ്ക്ക്. മകൾക്ക് നല്ലൊരു ജീവിതം ഇനി കിട്ടുമോയെന്നും അദ്ദേഹം പറയുന്നു.

