ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് 3200 മൊബൈൽ ഫോണുകൾ നിർജീവമാക്കി

തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ 3200 മൊബൈൽ ഫോണുകളും ടാബുകളും നിർജീവമാക്കി. കഴിഞ്ഞ നാലു മാസത്തിനിടെ കേരളത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഫോണുകളാണ് നിർജീവമാക്കിയത്. ഈ ഫോണുകളുടെ ഐഎംഇഐ നമ്പരുകൾ ഉൾപ്പെടുത്തി കേരള പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതിൽ നടപടി സ്വീകരിച്ചത്. ഈ ഫോണുളെല്ലാം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു സൈബർ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. ഈ മൊബൈലുകളിൽ ഉപയോഗിച്ച 1800 സിം കാർഡുകളും ബ്ലോക്കു ചെയ്തു. ലോൺ ആപ്പുമായി ബന്ധപ്പെട്ട കമ്പനികളുടേതാണ് ഇതിൽ ആയിരത്തോളം ഫോണുകൾ. കേരളത്തിൽ ലോൺ ആപ് വഴി വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനുപയോഗിച്ചവയാണ് കൂടുതലും.

അതേസമയം, കേരളത്തിൽ നിന്ന് പണം തട്ടിയെടുത്ത രണ്ടായിരത്തോളം ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കുകയും ചെയ്തു. 173 ലോൺ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.