വൈറ്റ് ലങ് സിൻഡ്രോം; ലോകത്തിന്റെ പലരാജ്യങ്ങളിലും ന്യുമോണിയ വ്യാപനം സ്ഥിരീകരിക്കുന്നു

ബെയ്ജിംഗ്: ചൈനയിലെ കുട്ടികൾക്കിടയിൽ പ്രത്യേകതരം ശ്വാസകോശരോഗം വ്യാപിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. വൈറ്റ് ലങ് സിൻഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. അമേരിക്ക, ഡെൻമാർക്ക്, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ വൈറ്റ് ലങ് സിൻഡ്രോം സ്ഥിരീകരിച്ചുവെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

ഡെൻമാർക്കിൽ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നും നെതർലാൻഡ്‌സിലും നിരക്കുകൾ ഉയർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മൈകോപ്ലാസ്മ ന്യുമോണിയ എന്ന, ശ്വാസകോശരോഗങ്ങൾക്കിടയാക്കുന്ന ബാക്ടീരിയൽ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ശ്വാസകോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയ ബാധയാണിത്. രോഗം ബാധിച്ചവരുടെ നെഞ്ചിന്റെ എക്‌സ്-റേയിൽ വെളുത്ത പാടുകൾ പ്രകടമാകുന്നതുകൊണ്ടാണ് ഈ പേരുവന്നത്. കുട്ടികളിലാണ് കൂടുതൽ ബാധിച്ചുകാണുന്നത്. കോവിഡ് കാലത്തിനുശേഷം കുട്ടികളിൽ രോഗപ്രതിരോധശേഷി കുറഞ്ഞതാണ് കുട്ടികളെ കൂടുതലായി ബാധിക്കുന്നതിനു പിന്നിലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.